അശ്വത്ഥാമാവിന്റെ നാരായണാസ്ത്രം

തന്റെ പിതാവായ ദ്രോണരെ കള്ളം പറഞ്ഞു വില്ലു വയ്പ്പിച്ച് പാണ്ഡവർ കൊന്നതിൽ കോപിഷ്ഠനായ അശ്വത്ഥാമാവ് പാണ്ഡവർക്കുനേരെ നാരായണാസ്ത്രം തൊടുത്തു വിട്ടു . ഭയങ്കരമായ ആ നാരായണാസ്ത്രം ദ്രോണാചാര്യർ നാരായണനെ പൂജിച്ചു നേടിയതാണ് . ഈ അസ്ത്രം ആരിലും പ്രയോഗിച്ചു പോകരുതെന്ന് വിഷ്ണു ദ്രോണർക്കു താക്കീതു നൽകിയിട്ടുണ്ടായിരുന്നു . കൊന്നുകൂടാത്തവരായ മഹാത്മാക്കളെയും ഇത് കൊന്നുകളയും . എന്നാൽ അസ്ത്രത്തെ കുമ്പിട്ടു നമസ്ക്കരിക്കുന്നവരെ അസ്ത്രം വധിക്കുകയില്ല . മനസ്സ് കൊണ്ടെങ്കിലും എതിർത്താൽ , ഈ അസ്ത്രം എതിർത്തവനെ ഏതു പാതാളത്തിൽ പോയൊളിച്ചാലും പിന്തുടർന്ന് ചെന്ന് , കൊന്നു വീഴ്ത്തും .ഇതായിരുന്നു നാരായണാസ്ത്രത്തിന്റെ പ്രത്യേകത . ഈ അസ്ത്രം പിന്നീട് ദ്രോണർ പുത്രന് ഉപദേശിച്ചു . അർജ്ജുനനു പോലും ദ്രോണർ ഇത് ഉപദേശിച്ചു കൊടുത്തിട്ടില്ല . ഇത്തരത്തിലുള്ള അസ്ത്രമാണ് അശ്വത്ഥാമാവ് പാണ്ഡവപ്പടയ്ക്ക് എതിരായി തൊടുത്തു വിട്ടത് . നാരായണമഹാസത്രം പ്രകടമായ ഉടനെ പിൻപുറത്തു നിന്ന് കാറ്റടിച്ചു . ആകാശത്തിൽ മേഘമില്ലാതെ ഇടിവെട്ടി . പലതരം ചക്രങ്ങളും , ഇരുമ്പുണ്ടകളും , അസ്ത്രങ്ങളും , വിചിത്രമായ ആയുധങ്ങളും ആകാശത്തു പ്രത്യക്ഷപെട്ടു . എതിർത്ത പാണ്ഡവ സൈന്യത്തെ അസ്ത്രം കൊന്നു വീഴ്ത്തിത്തുടങ്ങി . പാണ്ഡവപ്പട നാമാവശേഷമായിത്തുടങ്ങി .

ഈ സമയം ഭഗവാൻ കൃഷ്ണൻ അസ്ത്രത്തിന്റെ ശമനത്തിനുള്ള വഴി കണ്ടു . എല്ലാരോടും ആയുധമുപേക്ഷിച്ച് കൈകൂപ്പി നമസ്ക്കരിക്കാൻ അദ്ദേഹം ഉപദേശിച്ചു . പാണ്ഡവപ്പട ആയുധം വെടിഞ്ഞിട്ടും അസ്ത്രം ശാന്തമായില്ല . അതിനു കാരണം ഭീമൻ ആയുധം വെടിയാത്തതായിരുന്നു . ഭീമന് അശ്വത്ഥാമാവിനോടുള്ള കോപം ചെറുതായിരുന്നില്ല . അതിനാൽ അവൻ അർജ്ജുനനോട് ആയുധം ഉപേഷിക്കരുതെന്നും , ഏതെങ്കിലും ദിവ്യാസ്ത്രം കൊണ്ട് നാരായണാസ്ത്രത്തെ അടക്കുവാനും ഉപദേശിച്ചു .

എന്നാൽ അർജ്ജുനൻ അതനുസരിച്ചില്ല . അദ്ദേഹം നാരായണാസ്ത്രത്തിനെതിരെ ഒന്നും ചെയ്തില്ല . അതിനു കാരണം അദ്ദേഹം വിഷ്ണുഭക്തനായിരുന്നു എന്നതാണ് . ഗോക്കളിലും , ബ്രാഹ്മണരിലും , നാരായണാസ്ത്രത്തിലും താൻ ആയുധം പ്രയോഗിക്കുകയില്ലെന്നു അർജ്ജുനൻ തീർത്ത് പറഞ്ഞു .

തുടർന്ന് ഭീമൻ ഒറ്റയ്ക്ക് കൗരവരെ എതിർത്തു . ഭീമൻ എത്ര ശക്തിയായി എതിർത്തുവോ , അതിന്റെ പതിന്മടങ്ങു അസ്ത്രത്തിന്റെ ശക്തി വർദ്ധിച്ചു വന്നു .നാരായണാസ്ത്രത്തിലെ തീ ജ്വാലകൾ ഭീമനെ മൂടി . നാരായണാസ്ത്രം ഭീമനെ കൊല്ലുമെന്നായപ്പോൾ അർജ്ജുനനും കൃഷ്ണനും ഒരേസമയം ഓടിച്ചെന്ന് ഭീമനെ വരുണാസ്ത്രം കൊണ്ടും , കരം കൊണ്ടും പിടിച്ചു വലിച്ചു . മഹാബലവാനായ കൃഷ്ണൻ ഭീമനെ ബലമായി പിടിച്ചു വലിച്ച് താഴെയിറക്കി , കൈകളിൽ നിന്നും അസ്ത്രങ്ങളും ആയുധങ്ങളും പിടിച്ചു വാങ്ങി . അതോടെ ഭീമനും നിരായുധനായി .
തുടർന്ന് നാരായണാസ്ത്രം ശമിക്കുകയും , പാണ്ഡവർ രക്ഷപ്പെടുകയും ചെയ്തു .

കൌരവർ

👶🏻👶🏻👶🏻👶🏻👶🏻👶🏻👶🏻👶🏻👶🏻👶🏻👶🏻

*നമ്മുടെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക പുരാണ കഥാപാത്രങ്ങളെ കുറിച്.  ധൃതരാഷ്ട്ര പുത്രന്മാര്‍- കൌരവർ*‍

📜📜📜📜📜📜📜📜📜📜📜

ധൃതരാഷ്ട്ര പുത്രന്മാര്‍- കൌരവര്‍- ദുര്യോധനന്‍, ദുശ്ശാസനന്‍, ദുസ്സഹന്‍, ദുശ്ശലന്‍, ജലഗന്ധന്‍, സമന്‍, സഹന്‍, വിന്ദന്‍, അനുവിന്ദന്‍, ദുര്‍ധര്‍ഷന്‍, സുബാഹു, ദുഷ്പ്രധര്‍ഷണന്‍, ദുര്‍മ്മര്‍ഷണന്‍, ദുര്‍മുഖന്‍, ദുഷ്കര്‍ണ്ണന്‍, കര്‍ണ്ണന്‍, വികര്‍ണ്ണന്‍, ശലന്‍, സത്വന്‍, സുലോചനന്‍, ചിത്രന്‍, ഉപചിത്രന്‍, ചിത്രാക്ഷന്‍, ചാരുചിത്രന്‍, ശരാസനന്‍, ദുര്‍മ്മദന്‍, ദുര്‍വിഹാഗന്‍, വിവില്സു, വികടിനന്ദന്‍, ഊര്‍ണ്ണനാഭന്‍, സുനാഭന്‍, നന്ദന്‍, ഉപനന്ദന്‍, ചിത്രബാണന്‍, ചിത്രവര്‍മ്മന്‍, സുവര്‍മ്മന്‍, ദുര്‍വിമോചന്‍, അയോബാഹു, മഹാബാഹു, ചിത്രാംഗന്‍, ചിത്രകുണ്ഡലന്‍, ഭീമവേഗന്‍, ഭീമബലന്‍, വാല്കി, ബലവര്ധനന്‍, ഉഗ്രായുധന്‍, സുഷേണന്‍, കുണ്ഡധാരന്‍, മഹോദരന്‍, ചിത്രായുധന്‍, നിഷന്‍ഗി, പാശി, വൃന്ദാരകന്‍, ദൃഡവര്‍മ്മന്‍, ദൃഡക്ഷത്രന്‍, സോമകീര്‍ത്തി, അനുദൂരന്‍, ദൃഡസന്ധന്‍, ജരാസന്ധന്‍, സത്യസന്ധന്‍, സദാസുവാക്ക്‌, ഉഗ്രശ്രവസ്സ്, ഉഗ്രസേനന്‍, സേനാനി, ദുഷ്പരാജയന്‍, അപരാജിതന്‍, കുണ്ഡശായി, വിശാലാക്ഷന്‍, ദുരാധരന്‍, ദൃഡഹസ്തന്‍, സുഹസ്തന്‍, വാതവേഗന്‍, സുവര്‍ച്ചന്‍, ആദിത്യകേതു, ബഹ്വാശി, നാഗദത്തന്‍, ഉഗ്രസായി, കവചി, ക്രഥനന്‍, കുണ്ഡി, ഭീമവിക്രമന്‍, ധനുര്‍ധരന്‍, വീരബാഹു, ആലോലുപന്‍, അഭയന്‍, ദൃഡകര്‍മ്മാവ്‌, ദൃഡരഥാശ്രയന്‍, അനാദൃഷ്യന്‍, കുണ്ഡഭേദി, വിരാവി, ചിത്രകുണ്ഡലന്‍, പ്രമഥന്‍, അപ്രമാഥി, ദീര്‍ഘരോമന്‍, സുവീര്യവാന്‍, ദീര്‍ഘബാഹു, സുജാതന്‍, കാഞ്ചനദ്വജന്‍, കുണ്ഡശി, വിരജസ്സ്, യുയുത്സു, ദുശ്ശള…………. (മഹാ: ഭാരതം ആദിപര്‍വ്വം.67, 117, അദ്ധ്യായങ്ങള്‍).
ധൃതരാഷ്ട്രര്‍ ഗാന്ധാരരാജാവായ സുബലന്‍റെ പുത്രി ഗാന്ധാരിയെ വിവാഹം കഴിച്ചു.(ഇന്നത്തെ അഫ്ഘാനിസ്ഥാനില്‍ ആണ് ഗാന്ധാരം). ഭഗവാന്‍ വേദവ്യാസന്‍ ഗാന്ധാരിയ്ക്ക് 100 മക്കള്‍ ഉണ്ടാകട്ടെ എന്ന് അനുഗ്രഹിച്ചു. ഗാന്ധാരി ഗര്‍ഭം ധരിച്ചു. പക്ഷെ 2 വര്‍ഷം കഴിഞ്ഞിട്ടും പ്രസവിച്ചില്ല. പാണ്ഡുവിന്‍റെ ഭാര്യ കുന്തി പ്രസവിച്ചതറിഞ്ഞു അവള്‍ക്കു ശോകംഉണ്ടായി. അവള്‍ തന്‍റെ നിറവയറില്‍ ആഞ്ഞടിച്ചു. അങ്ങനെ വയറ്റില്‍ നിന്നും ഒരു മാംസക്കട്ട പുറത്തു വന്നു. വ്യാസന്‍ അത് 100 കഷണങ്ങള്‍ ആയി മുറിച്ച് നെയ്ക്കുടങ്ങളില്‍ സൂക്ഷിച്ചു. ഒരു ചെറിയ കഷണം അധികം വന്നു. അതും കുടത്തില്‍ സൂക്ഷിച്ചു. മുട്ട വിരിയുന്നത് പോലെ, ആ കുടങ്ങള്‍ പൊട്ടി
ആദ്യം ദുര്യോധനനും പിന്നെ തൊട്ടടുത്ത 100 ദിവസങ്ങളിലായി കൌരവര്‍ ഓരോരുത്തരായി ജനിച്ചു. അവസാനം ജനിച്ചത്‌ ഒരു പെണ്‍കുട്ടി ആയിരുന്നു – ദുശ്ശള.
കൂടാതെ ദൃതരാഷ്ട്ട്രര്‍ക്കു ഗാന്ധാരിയുടെ തോഴിയായ വൈശ്യയില്‍ യുയുത്സുവും ജനിച്ചു.(എന്നാല്‍ ധൃതരാഷ്ട്രര്‍ക്ക് ഗാന്ധാരിയില്‍ ആണ് യുയുത്സു ജനിച്ചത്‌ എന്ന് ഒരു പരാമര്‍ശം, ആദിപര്‍വ്വം 67-ആം അദ്ധ്യായം 94-ആം ശ്ലോകത്തില്‍ കാണുന്നു). ധൃതരാഷ്ട്ര പുത്രന്‍ ആയിരുന്നു എങ്കിലും , യുയുത്സു യുദ്ധത്തില്‍ പാണ്ഡവ പക്ഷത്തു ആയിരുന്നു. ഭീമന്, ദുര്യോധനന്‍ വിഷം കൊടുത്ത കാര്യം യുയുത്സുവാണ് പാണ്ഡവരെ അറിയിക്കുന്നത്.
സിന്ധു- രാജാവായ ജയദ്രഥന്‍ ദുശ്ശളയെ വിവാഹം കഴിച്ചു

🔱🔱🔱🔱🔱🔱🔱🔱🔱🔱🔱

അഗ്നിദേവൻ

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

                         *അഗ്നിദേവൻ*

🌞🌞🌞🌞🌞🌞🌞🌞🌞🌞🌞

വേദങ്ങളിൽ പ്രതിപാദിക്കപ്പെടുന്ന ഒരു ദേവനാണ് അഗ്നിദേവൻ. ഇന്ദ്രൻ കഴിഞ്ഞ് അടുത്തസ്ഥാനം അഗ്നിദേവനാണ് . അഷ്ടദിക്പാലകരിൽ ഒരാളായ അഗ്നി തെക്ക് കിഴക്ക് ദിക്കിന്റെ ആധിപത്യം വഹിക്കുന്നു. പരമപുരുഷന്റെ മുഖത്തുനിന്ന് അഗ്നി ജനിച്ചു എന്നാണ് ഋഗ്വേദത്തിൽ പറയുന്നത്. മനുവിന്റെ അഭിപ്രായത്തിൽ, അഗ്നിയുണ്ടായത് ജലത്തിൽനിന്നാണ്. വായുവിൽനിന്നാണ് എന്നു വേദാന്തസൂത്രങ്ങളിൽ പറയുന്നു. അംഗിരസ്സിന്റെ പുത്രൻ, ശാണ്ഡില്യമഹർഷിയുടെ പൗത്രൻ, ബ്രഹ്മാവിന്റെ ജ്യേഷ്ഠപുത്രൻ എന്നെല്ലാം അഗ്നിയെക്കുറിച്ച് വേദപുരാണങ്ങളിൽ പരാമർശമുണ്ട്. അഗ്നിയെ സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് പ്രൊമിഥിയസ് കടത്തിക്കൊണ്ടുപോന്നെന്നും തൻമൂലം അദ്ദേഹം ദൈവത്തിന്റെ (സിയൂസ്) കോപത്തിനു പാത്രീഭൂതനായെന്നും ഗ്രീക്കുപുരാണത്തിൽ പറയുന്നു.
അഗ്നിമീളേ പുരോഹിതം’ എന്ന മന്ത്രത്തോടുകൂടി ആരംഭിക്കുന്ന ഋഗ്വേദത്തിൽ 200-ൽപ്പരം സൂക്തങ്ങൾകൊണ്ട് അഗ്നിയുടെ മഹിമ വർണിക്കപ്പെട്ടിട്ടുണ്ട്. പ്രായശ്ചിത്തഹോമങ്ങളിൽ ചെയ്യപ്പെടുന്ന അഗ്നിസ്തുതി മന്ത്രങ്ങളിലും അഗ്നിയെ സ്തുതിക്കുന്നു.
മന്ത്രഹീനം ക്രിയാഹീനം ഭക്തിഹീനം ഹുതാശയ
യദ്ഹുതം തുമയാദേവ പരിപൂർണം തദസ്തുമേ
മന്ത്രത്തിലൊ, ക്രിയയിലൊ, ഭക്തിയിലൊ വല്ല കുറവും ഹോമിക്കുമ്പോൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവയെല്ലാം പൊറുത്ത് ആ കർമത്തെ സഫലമാക്കിത്തരേണമേ എന്നാണ് അഗ്നിയോടു ഇവിടെ പ്രാർഥിക്കുന്നത്. സായണഭാഷ്യത്തിൽ അഗ്നിയെ പരബ്രഹ്മമെന്ന അർത്ഥത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. ദേവൻമാരുടെ സന്ദേശഹരൻ, യാഗാംശങ്ങളെ ദേവൻമാർക്ക് എത്തിച്ചുകൊടുക്കുന്നവൻ, ദേവൻമാരുടെ മുഖം എന്നെല്ലാം വർണിതനായിരിക്കുന്ന അഗ്നി സാരാംശത്തിൽ ഒരു ഗൃഹദേവതയാണ്. അഗ്നി ജലത്തെ ഉത്പാദിപ്പിക്കുന്നു എന്ന് ഉപനിഷത്തുകൾ ഘോഷിച്ചിരിക്കുന്നു. വാക്കായി പരിണമിച്ചത് അഗ്നിയുടെ സൂക്ഷ്മഘടകമാണ്. ആടിന്റെവലത്തെ ചെവിയിലും ബ്രാഹ്മണന്റെ വലത്തെ കൈയിലും ദർഭപ്പുല്ലിലും ജലത്തിലും അഗ്നി അധിവസിക്കുന്നുണ്ടെന്നാണ് വിശ്വാസം. അരണി കടഞ്ഞെടുത്താണ് യാഗത്തിനുവേണ്ടിയുള്ള അഗ്നി ഉണ്ടാക്കിയിരുന്നത്. ഇതു പഞ്ചഭൂതങ്ങളിൽ ഒന്നായും കരുതപ്പെടുന്നു. തീപ്പൊരിയും തീയും തമ്മിലുള്ള ബന്ധം ജീവബ്രഹ്മബന്ധത്തെ ഉദാഹരിക്കുവാൻ വേദാന്തി കൾ സ്വീകരിച്ചിട്ടുണ്ട്

🔱🔱🔱🔱🔱🔱🔱🔱🔱🔱🔱

കുളപ്പുറത്തു ഭീമൻ

മീനച്ചിൽ താലൂക്കിൽ കയ്യ്യൂർ ദേശത്തു കുളപ്പുറത്ത് എന്ന നായർ ഗൃഹത്തിൽ കൊല്ലവർ‌ഷം ഒൻപതാം ശതകത്തിൽ ജീവിച്ചിരുന്ന ഒരു മനു‌ഷ്യന്റെ പേരാണ് മുകളിൽ പറഞ്ഞിരിക്കുന്നത്. ഈ മനു‌ഷ്യന്റെ സാക്ഷാൽ പേര് എന്തായിരുന്നു എന്ന് നിശ്ചയമില്ല. അത്ഭുതകർമ്മങ്ങൾ നിമിത്തം ജനങ്ങൾ കൊടുത്തിട്ടുള്ളതാണ്. കുളപ്പുറത്തു ഭീമന്റെ അത്ഭുതകർമ്മങ്ങൾ പറയുകയെന്നുവച്ചാൽ അവസാനമില്ലാതെയുണ്ട്. അവയിൽ ചിലതു മാത്രമേ ഇവിടെ വിവരിക്കണമെന്നു വിചാരിക്കുന്നുള്ളു.

ആജാനുബാഹുവും സ്ഥൂലശരീരനും ഉന്നതകായനുമായിരുന്ന ഭീമൻ കാഴ്ചയിൽ ഒരു ഭീമൻ തന്നെയായിരുന്നുവെങ്കിലും ഒട്ടും വിരൂപനായിരുന്നില്ല “വ്യൂഢോരസ്കോവൃ‌ഷസ്കന്ധസ്സാലപ്രാംശുർമ്മഹാഭുജഃ” എന്നു കാളിദാസൻ ദിലീപരാജാവിനെ വർണ്ണിച്ചിട്ടുള്ളതു നമ്മുടെ ഭീമനും നല്ലപോലെ ചേരുമായിരുന്നു. എന്നാൽ നമ്മുടെ ഭീമനു ചെറുപ്പത്തിൽ മതിയാകത്തക്കവണ്ണമുള്ള ആഹാരം സ്വഗൃഹത്തിൽ നിന്നു ലഭിച്ചിരുന്നില്ല. ഭീമനു ഭക്ഷണം സാധാരണ മനു‌ഷ്യരെപ്പോലെ ആയാൽ മതിയാവുകയില്ലെന്ന് അറിഞ്ഞിരുന്നതുകൊണ്ട് അയാൾക്കു പതിവായി കാലത്തു കഞ്ഞിക്കു മൂന്നേകാലും അത്താഴത്തിന് ആറേകാലും ഇടങ്ങഴി അരിവീതമാണ് കാരണവർ പതിവുവച്ചിരുന്നത്. അതുകൊണ്ട് നമ്മുടെ ഭീമന് ഒട്ടും മതിയായിരുന്നില്ല. അതിനാൽ അയാൾ സമീപത്തുള്ള കാടുകളിൽ കയറി ഉടുമ്പ്, മുയൽ മുതലായവയെ പിടിച്ചു കൊണ്ടുവന്നു ചുട്ടു തിന്നു കൂടിയാണ് ചെറുപ്പത്തിൽ ജീവിച്ചിരുന്നത്. കാരണവർ മരിക്കുകയും തനിക്കു തറവാട്ടിൽ കാരണവസ്ഥാനവും സ്വാതന്ത്ര്യവും ലഭിക്കകയും ചെയ്ത കാലം മുതൽ ഭീമൻ തന്റെ ഭക്ഷണത്തിനുള്ള പതിവു ഭേദപ്പെടുത്തി. കാലത്തു കഞ്ഞിക്ക് ഇരുപത്തഞ്ചേകാലിടങ്ങഴി അരിയും അതിനു ചേർന്ന പുഴുക്കും അത്താഴത്തിനു മൂന്നു പറ അരിയും അതിനു ചേർന്ന മറ്റു വിഭവങ്ങളുമാണ് ഭീമൻ സ്വയമേവ നിശ്ചയിച്ചപതിവ്. ഈ പതിവ് അയാളുടെ പതിനാറാമത്തെ വയസ്സിൽ നിശ്ചയിച്ചതാണ്. അതിനെ പിന്നെ ഒരിക്കലും അയാൾ ഭേദപ്പെടുത്തിയിരുന്നുമില്ല. എന്നാൽ ഇത്രയും കൊണ്ട് അയാൾക്കു മതിയായിരുന്നു എന്ന് ആരും വിചാരിച്ചുപോകരുത് അയാൾ കാരണവരായപ്പോൾ തറവാട്ടിൽ അധികച്ചെലവുണ്ടാക്കി എന്നുള്ള ദു‌ഷ്പേരു തനിക്കുണ്ടാകരുതല്ലോ എന്നു വിചാരിച്ചും ഇതിലധികം ചെലവുചെയ്യാൻ മുതലില്ലാ തെയിരുന്നതുകൊണ്ടും ഇത്രയും മതിയെന്നു നിശ്ചയിച്ചു എന്നേയുള്ളു. പോരാത്തതു യഥാപൂർവ്വം വന്യമൃഗങ്ങളെക്കൊണ്ടുതന്നെയാണ് അയാൾ നികത്തിപ്പോന്നത്. പക്ഷേ, പ്രായത്തിനും സ്ഥിതിക്കും തക്കവണ്ണം അയാൾ അതൊന്നു പരി‌ഷ്കരിച്ചിരുന്നു. ചെറുപ്പത്തിൽ ഉടുമ്പ്, മുയൽ മുതലായവയെ പിടിച്ചു ചുട്ടു തിന്നുകയാണല്ലോ അയാൾ ചെയ്തിരുന്നത്. യൗവ്വനമായപ്പോൾ മാൻ, പന്നി മുതലായവയെ പിടിച്ചു കൊണ്ടുവന്നു കാലുകൾ കെട്ടി വലിയ ചെമ്പിലോ വാർപ്പിലോ ഇട്ട് അടുപ്പത്തുവച്ചു വെള്ളമൊഴിച്ചു വേവിച്ചെടുത്തു തോൽ പൊളിച്ചാണ് അയാൾ തിന്നിരുന്നത്. അതും ഒരു വിശേ‌ഷ രീതിയിലായിരുന്നു. ഭീമനു പകൽ സമയം കിടക്കുന്നതിന് ഒരു തൂക്കുവഞ്ചി (ഊഞ്ഞാൽക്കട്ടിൽ) ഒരു മുറിക്കകത്തു തൂക്കിയിരുന്നു. ഇതിന്റെ തലയ്ക്കലായി മാൻ,പന്നി മുതലായവയുടെ വേവിച്ച മാംസം പൊക്കംപാകത്തിനു കെട്ടിത്തൂക്കും. പിന്നെ ഊഞ്ഞാൽക്കട്ടിലിൽ മലർന്നു കിടന്ന് ആടിക്കൊണ്ടു കടിച്ചു കടിച്ചു തിന്നും. ഇങ്ങനെയാണ് പതിവ്. കഞ്ഞിയും ചോറും കറികളും കുടാതെ രണ്ടു പന്നിയെയും ഒരു മാനിനെയും അയാൾ പ്രതിദിനം ഇങ്ങനെ ഭക്ഷിച്ചിരുന്നു.

നമ്മുടെ ഭീമൻ ഗംഭീരനായിരുന്നുവെങ്കിലും ഒരു വിനോദശീലനു മായിരുന്നു. അയാൾ മാനിനെയും പന്നിയെയും മറ്റും പിടിക്കാൻ കാട്ടിൽ പോകുമ്പോൾ ചില ദിവസങ്ങളിൽ നാലും അഞ്ചും പുലിക്കുട്ടികളെയും പിടിച്ചുകൊണ്ടു പോരും അവയെ വീട്ടിൽ കൊണ്ടുവന്നു പൂച്ചക്കുട്ടികളെപ്പോലെ വളർത്തി, ചില കളികൾ പഠിപ്പിച്ചു സർക്കസ്സുകാരെപ്പോലെ കളിപ്പിക്കുക പതിവായിരുന്നു. ഒരിക്കൽ ഭീമൻ കാട്ടിൽ ചെന്നപ്പോൾ ഒരു വലിയ കടുവയെ കണ്ടു. അതിനെയും അയാൾ പിടിച്ചു വീട്ടിൽ കൊണ്ടു വന്നു. ശ്രീകൃ‌ഷ്ണൻ ഉരൽ വലിച്ചുകൊണ്ടു ചെന്ന വഴിയിൽ നിന്നിരുന്ന കകുഭദ്രുമങ്ങൾ പോലെ രണ്ടു മരങ്ങൾ അടുത്തടുത്തു കുളപ്പുറത്തു പുരയിടത്തിൽ നിൽക്കുന്നുണ്ടായിരുന്നു. ഭീമൻ ആ കടുവായെ ആ മരങ്ങളുടെ ഇടയ്ക്കു കയറ്റി ഒന്നമർത്തി അവിടെ നിറുത്തി. കടുവാകാലുകൾ നിലത്തു തൊടാതെയും വായ്പൊളിച്ചും നാക്കുനീട്ടിയും കണ്ണുകൾ മിഴിച്ചും മുൻപോട്ടും പുറകോട്ടും പോകാൻ നിവൃത്തിയില്ലാതെയും അവിടെ നിലായായി. അതിനാൽ ആ ദിക്കുകാർക്കു ജീവനോടു കൂടിയ കടുവയെ നിർഭയമായി അടുത്തു കാണുന്നതിന് അന്നു തരപ്പെട്ടു.

ഒരിക്കൽ ഭീമൻ കാട്ടിൽ ചെന്നപ്പോൾ ഒരു കാട്ടുപോത്ത് അയാളെ വെട്ടാനായി ചാടിച്ചെന്നു. പൊത്തിനെ കണ്ടപ്പോൾ അയാൾക്കു സ്വൽപം ഭയമുണ്ടായി എങ്കിലും അയാൾ ധൈര്യസമേതം അതിന്റെ കൊമ്പുകളിൽപ്പിടിച്ചു തല കുനിച്ചു മോന്ത നിലത്തിട്ട് ഉരച്ചു തുടങ്ങി. അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ പോത്തിന്റെ മുൻവശത്തുണ്ടായിരുന്ന പലുകളെലാം രക്തപ്രാവാഹത്തോടുകൂടി നിലത്തു വീണു. ഭീമനെ കൊല്ലാനായി വന്ന പോത്തിന്റെ വിചാരം അപ്പൊൾ താൻ ചാകാതെ വല്ല പ്രകാരവും പോയിപ്പിഴച്ചാൽ മതിയെന്നായി. ആ സമയം ഭീമൻ പോത്തിനെ പുറകോട്ടൊന്നു തള്ളുകയും പോത്ത് അവിടെ മറിഞ്ഞു വീഴുകയും ആ തരത്തിനു ഭീമൻ ഓടി വീട്ടിലേക്കും പോത്ത് ഒരു വിധം എഴുന്നേറ്റ് കാട്ടിലേക്കും പോവുകയും ചെയ്തു.

ഭീമൻ ജീവിച്ചിരിന്ന കാലത്ത് കയ്യൂർ ദേശത്തും സമീപപ്രദേശങ്ങളിലും കച്ചവടസ്ഥലങ്ങൾ ഉണ്ടായിരുന്നില്ല. അതിനാൽ ആ ദേശക്കാർക്ക് ഉപ്പ് എട്ടുപത്തു നാഴിക കിഴക്ക് ഈരാറ്റുപേട്ട എന്ന സ്ഥലത്തു പോയി വാങ്ങിക്കൊണ്ട് വരേണ്ടിയിരുന്നു. കുളപ്പുറത്തു വിട്ടിലേക്കു ഭീമൻ തന്നെ പോയി അഞ്ചാറു പറ ഉപ്പ് ഒരുമിച്ചു വാങ്ങിക്കൊണ്ടുപോരുകയാണ് പതിവ്. ഭീമൻ ഉപ്പുവാങ്ങാൻ പോകുന്ന സമയം അയൽ വീട്ടുകാരും അവരവർക്കു ആവശ്യമുള്ള ഉപ്പിനു വേണ്ടുന്ന പണവും പാത്രവും അയാളെ ഏൽപ്പിച്ചയയ്ക്കുക പതിവാണ്. അക്കാലത്ത് ഇപ്പോഴത്തെപ്പോലെ ചാക്കു സുലഭമല്ലാതിരുന്നതിനാൽ ഉപ്പും മറ്റും വാങ്ങിക്കൊണ്ട് പോരുന്നതു നെപ്പട്ടിലായിരുന്നു. ഒരു നെപ്പട്ടിൽ ആറു പറ ഉപ്പുകൊള്ളും. അതിനാൽ ഒരു ചുമടുപ്പ് എന്നു പറഞ്ഞാൽ ആറു പറ ഉപ്പെന്നു കണക്കാക്കാം. ഒരിക്കൽ ഭീമൻ പോയി തനിക്കും അയൽ വിട്ടുകാർക്കും കൂടി ആറു ചുമടുപ്പു വാങ്ങിക്കെട്ടി മീതെയ്ക്കു മീതെയായി തലയിൽക്കയറ്റിക്കൊണ്ട് ഈരാറ്റുപേട്ടയിൽ നിന്നു സ്വദേശത്തേക്കു പുറപ്പെട്ടു. അങ്ങനെ ഏകദേശം നാലു നാഴിക ദൂരം പോയപ്പോൾ കുറേശ്ശേ മഴ ആരംഭിച്ചു. ഉപ്പു നനഞ്ഞാൽ നഷ്ടപ്പെട്ടുപോകുമല്ലോ അതു നനയ്ക്കാതെ കൊണ്ടു പോകാൻ എന്താണ് കശൗലമെന്നു വിചാരിച്ചു നോക്കിയപ്പോൾ വഴിക്കടുത്തുതന്നെ ഒരു വലിയ ആഞ്ഞിലിത്തടി കാമരം കേറ്റിയറുത്തി നടു പൊളിച്ചിട്ടു വച്ചിരിക്കുന്നതായി ക്കണ്ടു ഭീമൻ അതിലൊരു പൊളിപ്പെടിത്തു ചുമടുകളുടെ മീതെ വച്ചുകൊണ്ട് ഉപ്പു നനയ്ക്കാതെ കൊണ്ടുപോയി. വീട്ടിലെത്തിയപ്പോഴേക്കും മഴ മറിയതിനാൽ അയാൾ ആ തടിയെടുത്ത് ഒരു മാവിന്മേൽ ചാരിവച്ചിട്ട് ചുമടുകൾ ഒരോന്നായി താഴെ ഇറക്കി വയ്ക്കുകയും അയൽക്കാർക്കു ള്ളതു കൊടുക്കുകയും തനിക്കുള്ളതു വീട്ടുകാരെ ഏൽപ്പിക്കുകയും ചെയ്തു. പിന്നെ ഭീമൻ തന്റെ പുരപൊളിചു പണി കഴിചപ്പോൾ അന്നു മാവിന്മേൽ ചാരി വച്ചിരുന്ന തടികൂടി എടുത്തുപയോഗിച്ചു. ഇരുപത്തൊമ്പതുകോൽ പതിനാറുകണക്കിൽ പണിയിച്ച തായിപ്പുരയുടെ പടി (നെടിയതും കുറിയതും) നാലും ആ ഒരു പൊളിപ്പുകൊണ്ടു തീർന്നു. പടി ഒന്നേകാൽക്കോൽ ചതുരമായിരുന്നു. അതുകൊണ്ട് ആ തടിയുടെ വലിപ്പം എത്രമാത്രമുണ്ടായിരുന്നു എന്ന് ഊഹിക്കാമല്ലോ. ആ പുരയും പടിയും കണ്ടിട്ടുള്ളവരിൽ പലർ ഇപ്പോഴും ആ ദേശത്തു ജീവിച്ചിരിക്കുന്നുണ്ട്.

മീനച്ചിൽ മുതലായ സ്ഥലങ്ങളിൽ പ്രധാനമായി നെൽ കൃ‌ഷി ചെയ്യുന്നതു മലകളിലാണല്ലോ. മലകളിൽ നെൽകൃ‌ഷി ചെയ്യുന്നതു പത്തും പന്ത്രണ്ടും കൊല്ലങ്ങൾ കൂടുമ്പോൾ മാത്രമേ പതിവുള്ളൂ. അതിനാൽ ഒരു സ്ഥലത്തു വലിയ മരങ്ങളും കാടുകളും നിറഞ്ഞിരിക്കും. വിതയ്ക്കുന്ന കാലത്തിനു രണ്ടുമൂന്നു മാസം മുൻപേ ഉടമസ്ഥന്മാർ ആ മരങ്ങളും കാടുകളുമെല്ലാം കൂലിക്കാരെക്കൊണ്ടു വെട്ടിച്ചിടും. അതിന് ഉഴവുവെട്ട് എന്നാണ് പേർ പറഞ്ഞുവരുന്നത്. ആ മരങ്ങളും കാടുകളുമെല്ലാം ഉണങ്ങിക്കഴിയുമ്പോൾ ഉടമസ്ഥന്മാർ കൂലിക്കാരെയും ആനകളെയും കൊണ്ട് ആ സ്ഥലത്തു ചെന്ന് വേലിക്കാവശ്യമുള്ള തടികൾ പിടിച്ചു വിതയ്ക്കാനുള്ള സ്ഥലത്തിന്റെ നാലരികുകളിലും വെയ്പിക്കുകയും അധികമുള്ള തടികൾ പിടിപ്പിച്ചു കൃ‌ഷിസ്ഥലത്തിനു പുറത്താക്കുകയും ഉണങ്ങിക്കിടക്കുന്ന കാടുകളും മറ്റും തീയിട്ടു ചുടുകയും ചെയ്യും. അതിന് ഉഴവു ചുടുക എന്നണ് കൃ‌ഷിക്കാർ പറയുന്നത്. ഇത്രയും കഴിഞ്ഞാൽപ്പിന്നെ നിലം ഉഴുതും കിളച്ചും കല്ലും കട്ടകളും പെറുക്കിമാറ്റിയും പുല്ലും മറ്റും പറിച്ചും പെറുക്കിയും കളഞ്ഞും വെടിപ്പാക്കും. അതിന് ഉഴവൊരുക്കുക എന്നാണ് പറയുന്നത് ഈ പണികളിൽ പ്രധാനമായതും പ്രയാസമേറിയതും ഉഴവു ചുടുക എന്നുള്ളതാണ്.

എന്നാൽ അതിനു നമ്മുടെ ഭീമന് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. ഭീമൻ ഉഴവുചുടാൻ പോകുമ്പോൾ അയാൾക്കു സഹായത്തിനു കൂലിക്കാരും ആനകളും ഒന്നും വേണ്ടാ. അയാൾ ആ ജോലി മുഴുവനും തീർത്തു തിരിയെ വീട്ടിൽ വന്നിട്ടില്ലാതെ കഞ്ഞിയും ചോറുമൊന്നും കഴിക്കാറില്ല. ആ ജോലിക്കിടയിൽ അയാൾ കാച്ചിലും കിഴങ്ങും ചേനയും മറ്റും ധാരാളമായി ചുട്ടുതിന്നും. മലയിലേക്കു പോകുന്ന സമയം തന്നെ ചുട്ടുതീറ്റിക്കുള്ള സാമാനങ്ങൾ കൂടി അയാൾ കൊണ്ടുപോകും; അങ്ങനെയാണ് പതിവ്. ഭീമൻ ഉഴവുസ്ഥലത്തു ചെന്നാലുടനെ വേലിക്ക് ആവശ്യമുള്ള തടികൾ പെറുക്കിയെടുത്തു നാലരികുകളിലും അടുക്കി വയ്ക്കും. പിന്നെ ഒരു തടി കയിലെടുത്ത് അതുകൊണ്ട് ശേ‌ഷമുള്ള തടികൾ നാലു വശത്തേക്കും തോണ്ടി എറിയും ആ തടികൾ ചുറ്റുമുള്ള അയൽ വസ്തുക്കളിൽ ചെന്നുവീഴും. അതിനാൽ ഭീമൻ ഉഴവുചുടുന്ന സ്ഥലത്തിനു സമീപം ചുറ്റുമുള്ള വസ്തുക്കളിൽ ആരും കൃ‌ഷി നടത്താറില്ല. ഭീമൻ തോണ്ടിയെറിയുന്ന തടികൾ ആനകളെക്കൊണ്ടല്ലാതെ മാറ്റാൻ സാധിക്കുകയില്ലല്ലോ. അതിനുള്ള പ്രയാസം കൊണ്ടാണ് അയൽവസ്തുക്കളുടെ ഉടമസ്ഥന്മാർ കൃ‌ഷി വേണ്ടെന്നു വയ്ക്കുന്നത്. തടികളെല്ലാം മാറ്റിക്കഴിഞ്ഞാൽപ്പിന്നെ ഭീമൻ ഉണങ്ങിക്കിടക്കുന്ന കാടിനു തീവയ്ക്കും ആ തീയിലിട്ടാണ് അയാൾ കാച്ചിൽ, കിഴങ്ങു മുതലായവ ചുട്ടു തിന്നുന്നത്. ആ സമയം മുയൽ പന്നി മുതലായവയെയും അനായാസേന ലഭിച്ചാൽ അയാൾ ഉപേക്ഷിക്കാറില്ല. അവയെയും അയാൾ ചുട്ടു തിന്നുക തന്നെ ചെയ്യും. ഇപ്രകാരമെല്ലാമായിരുന്നു ഭീമന്റെ ഉഴവുചുടൽ.

അടുത്തുള്ള പൂഞ്ഞാർ എന്ന സ്ഥലത്ത് ഒരു വീട്ടുകാർ ഒരു കിണർ കുഴിപ്പിച്ചു. കുഴിച്ചു കുഴിച്ച് അടിയിൽ ച്ചെന്നപ്പോൾ അവിടെ ഒരു വലിയ പാറ കാണപ്പെട്ടു. ആ പാറയുടെ അടിയിൽ ധാരാളം വെള്ളവുമുണ്ടായിരുന്നു. എങ്കിലും ആ പാറ എടുത്തു മാറ്റാതെ വെള്ളം കോരിയെടുക്കാൻ നിവൃത്തിയില്ലായിരുന്നു. വെള്ളത്തിനു മീതെ ആ പാറ ഒരടപ്പുപോലെ യാണ് കിടന്നിരുന്നത്. അതിനാൽ ആ പാറ എടുത്തു മറ്റുന്നതിനായി വലിയ വടങ്ങളും ചങ്ങലകളുമിട്ടു കെട്ടി അനേകമാളുകൾ കൂടി പിടിക്കുകയും ആനകളെക്കൊണ്ടു പിടിപ്പിക്കുകയും ചെയ്തു നോക്കീട്ടും ആ പാറ ഇളക്കാൻപോലും സാധിച്ചില്ല. ഒടുക്കം ആ വീട്ടുകാർ ഈ കാര്യം നമ്മുടെ ഭീമനെക്കൊണ്ട് കഴിപ്പിക്കണമെന്നു നിശ്ചയിച്ച് ഒരു സദ്യയ്ക്കു വട്ടം കൂട്ടി. ഭീമനെ ക്ഷണിച്ചുവരുത്തി കേമമായി ഭക്ഷണം കഴിപ്പിച്ചു ഭീമൻ ഊണും കഴിഞ്ഞ് എഴുന്നേറ്റപ്പോൾ ആ വീട്ടുകാർ അയാളോടു “കൈകഴുകുവാൻ വെള്ളം കിണറ്റിലാണ് വെള്ളം കോരിയെടുത്തു കൈ കഴുകിക്കൊള്ളണം” എന്നു പറഞ്ഞ്, ഒരു പാളയും കയറും എടുത്തുകൊടുത്തു. ഭീമൻ പാളയും കയറും ഇടത്തുകൈകൊണ്ട് എടുത്തുകൊണ്ടുപോയി. കിണറ്റിൽ നോക്കിയപ്പോൾ അതിൽ ഒരു വലിയ പാറയും അതിന്മേൽ ചില വടങ്ങളും ചങ്ങലകളുമിട്ടു കെട്ടിയിരിക്കുന്നതു കണ്ടു. ഉടനെ അയാൾ പാളയും കയറും അവിടെ വെച്ചിട്ട് ഇടത്തുകൈകൊണ്ടു തന്നെ വടങ്ങളിൽ പിടിച്ചുവലിച്ചു നി‌ഷ്പ്രയാസം പാറ കരയ്ക്കെടുത്തിടുകയും പാളയും കയറുമെടുത്തു വെള്ളംകോരി കൈകഴുകുകയും ചെയ്തു. ഇതു കണ്ടിട്ട് ആ വീട്ടുകാർക്കും അന്യന്മാർക്കുമുണ്ടായ സന്തോ‌ഷവും വിസ്മയവും സീമാതീതമായിരുന്നുവെന്നുള്ളതു പറയണമെന്നില്ലല്ലോ.

നമ്മുടെ ഭീമൻ പൂഞ്ഞാറ്റിൽത്തമ്പുരാക്കന്മരുടെ ഒരു ഇഷ്ടനായിരുന്നു. അയാൾ തമ്പുരാക്കന്മാരുടെ ആവശ്യപ്രകാരം കൂടെക്കൂടെ അവിടെപ്പോവുകയും മനു‌ഷ്യർക്കു ദുസ്സാധ്യങ്ങളായ അനേകം കാര്യങ്ങൾ സാധിച്ചുകൊടുക്കുകയും തമ്പുരാക്കന്മാർ സന്തോ‌ഷിച്ച് ഇയാൾക്ക് ചില സമ്മാനങ്ങൾ കൊടുക്കുകയും സാധാരണമായിരുന്നു. അങ്ങനെ ഉണ്ടായിട്ടുള്ളവയിൽ ഒരു സംഗതി മാത്രം താഴെ കുറിക്കുന്നു.

ഒരിക്കൽ പാണ്ടിക്കാരായ മറവരും മുഹമ്മദീയരും കുടി പൂഞ്ഞാർ ദേശത്തെ ആക്രമിക്കുവാൻ വരുന്നതായിക്കേട്ടു പൂഞ്ഞാറ്റിൽ വലിയ തമ്പുരാൻ ആ വിവരം കുളപ്പുറത്തു ഭീമനെ അറിയിച്ചു. ഉടനെ ഭീമൻ ആളയച്ചു തന്റെ സ്നേഹിതനായ മന്ദത്തുപണിക്കരെയും കുളപ്പുറത്തു വരുത്തി. പണിക്കർ കുളപ്പുറത്ത് ഭീമനോളം തന്നെ ദേഹപുഷ്ടിയും കായബലവുമുള്ള ആളല്ലായിരുന്നുവെങ്കിലും ഒരു ചെറിയ ഭീമൻ തന്നെയായിരുന്നു. അയാൾക്കു കാലത്തെ കഞ്ഞിക്കു പന്ത്രണ്ടേകാലിടങ്ങഴി അരിയും അതിനു ചേർന്ന പുഴുക്കുമേ പതിവുണ്ടായിരുന്നുള്ളൂ. അവർ തമ്മിൽ ആലോചിച്ച് ഉടനെ പൂഞ്ഞാറ്റിലേക്ക് പോകണമെന്നു തീർച്ചപ്പെടുത്തീട്ടു രണ്ടു പേരും കൂടി ഉണ്ണാനിരുന്നു. ഊണ് ഏകദേശം പകുതിയായപ്പോൾ ഒരാൾ ഓടിവന്നു”മറവരും മുഹമ്മദീയരും വന്നടുത്തിരിക്കുന്നു. ഉടനെ വരണമെന്നു തമ്പുരാൻ കൽപിചിരിക്കുന്നു” എന്നു പറഞ്ഞു. അതു കേട്ട് “എന്നാലിനി പോയിവന്നിട്ട് ഊണു മുഴുവനാക്കാം” എന്നു പറഞ്ഞ് രണ്ടുപേരും എഴുന്നേറ്റ് കൈകഴുകി. അപ്പോൾ തക്കതായ ആയുധമൊന്നും കാണാഞ്ഞിട്ടു രണ്ടുപേരും ഓരോ കൊന്നത്തെങ്ങു ചുവടോടെ പറിച്ചെടുത്തു കൊണ്ട് ഓടിപ്പോയി. ഭീമനും പണിക്കരും കൊന്നത്തെങ്ങുമായി ചെല്ലുന്നതു കണ്ടപ്പോൾത്തന്നെ മറവരും മുഹമ്മദീയരും പേടിച്ചോടി പമ്പകടന്നൊളിച്ചു. ഊണു മുഴുവനാക്കണമല്ലോ എന്നു വിചാരുച്ചു ഭീമനും പണിക്കരും അപ്പോൾത്തന്നെ തിരിച്ചു പോരുകയും ചെയ്തു.

ഈ സംഗതി നടന്നത് ഒരു വെള്ളപ്പൊക്കക്കാലത്തായിരുന്നു. ഇവർ അങ്ങോട്ടു പോയപ്പോൾ വെള്ളം ആറു നിറഞ്ഞിരുന്നതേയുള്ളൂ ഇവർ ഇങ്ങോട്ടു വന്നപ്പോഴേക്ക് ആ വെള്ളം കരകവിഞ്ഞൊഴുകി ഇരുകരയിലും സാധാരണമനു‌ഷ്യർക്കു നിലയില്ലാതെയായിരുന്നു. എങ്കിലും ഭീമന് അരയോളവും പണിക്കർക്കു മുലയോളവും മാത്രമേ വെള്ളമുണ്ടായിരുന്നുള്ളൂ. അവർ ആ വെള്ളത്തിൽക്കൂടിയാണ് നടന്നുപോയത്. അവർ അങ്ങനെ പോന്നപ്പോൾ ഒരു വീട്ടിന്റെ ഇറയത്ത് ഒരു പത്തായമിരിക്കുന്നത് കണ്ടു ആ വിട്ടിനകത്തും വെള്ളം കയറിയിരുന്നതിനാൽ അവിടെപ്പാർത്തിരുന്നവരെല്ലാം പ്രാണരക്ഷാർത്ഥം ഓടിപ്പോയിരുന്നതുകോണ്ട് ആ വീടു കേവലം നിർജ്നജമായിരുന്നു; പത്തായവും ഇളകിപ്പോകാറായിരുന്നു. ആർക്കും ഉപയോഗപ്പെടാതെ വെറുതെ പോകേണ്ടാ എന്നു വിചാരിച്ച് ഭീമൻ അതെടുത്തു തലയിൽവച്ചുകൊണ്ടു നടന്നു. സ്വഗൃഹത്തിലെത്തി പത്തായം താഴെ ഇറക്കി വച്ചു. അതിലുണ്ടായിരുന്ന നെല്ല് വാരിയിട്ട് അളന്നുനോക്കീട്ടു നൂറുപറയുണ്ടായിരുന്നു. നെല്ലു തിരിയെ പത്തായത്തിൽത്തന്നെ ആക്കിക്കഴിഞ്ഞപ്പോഴേക്കും പണിക്കരും അവിടെയെത്തി.

പിന്നെ രണ്ടുപേരും കൂടി പകുതിയാക്കി വച്ചിരുന്ന ഭക്ഷണം മുഴുവനാക്കുകയും പണിക്കർ അപ്പോൾത്തന്നെ യാത്ര പറഞ്ഞ് അയാളുടെ വീട്ടിലേക്ക് പോകയും ഭീമൻ അവിടെത്തന്നെ കിടന്നുറങ്ങുകയും ചെയ്തു.

നമ്മുടെ ഭീമന്റെ കഥകൾ ഇനിയും വളരെ പറയാനുണ്ട്. എങ്കിലും വിസ്തരഭയം നിമിത്തം അതിനായി തുനിയുന്നില്ല. ഇത്രയും പറഞ്ഞതുകൊണ്ടു തന്നെ നമ്മുടെ കഥാനായകൻ ഒരസാമാന്യമനു‌ഷ്യനായിരുന്നു എന്നു സ്പഷ്ടമാകുന്നുണ്ടല്ലോ. നമ്മുടെ ഭീമന് ഈശ്വരഭക്തി, സത്യം മുതലായ സൽഗുണങ്ങൾ ധാരാളമായിട്ടുണ്ടായിരുന്നു. “ബ്രാഹ്മേ മുഹുർത്ത ഉത്തി‌ഷ്ഠേൽസ്വസ്ഥേ രക്ഷാർത്ഥമായു‌ഷഃ” എന്നുള്ള പ്രമാണത്തെ അയാൾ ആജീവനാന്തം ശരിയായി ആചരിച്ചിരുന്നു. അതിനാൽ അയാൾ നൂറു വയസ്സു തികഞ്ഞതിന്റെ ശേ‌ഷമാണ് ചരമഗതിയെ പ്രാപിച്ചത്. അതും അനായസേന തന്നെയായിരുന്നു. നമ്മുടെ കഥാനായകനു രോഗപീഡ നിമിത്തവും മറ്റും ഒരു ദിവസം പോലും കിടന്നു കഷ്ടപ്പെടേണ്ടതായി വന്നില്ല.

ഭീമൻ മരിച്ചതിന്റെ ശേ‌ഷം അയാളുടെ പ്രതം (പരേതാത്മാവ്) ആ വീട്ടുകാരെയും മറ്റും അസാമാന്യമായി ഉപദ്രവിചുകൊണ്ടിരുന്നു. അത് അയാളുടെ അപരക്രിയകൾ ആരും വേണ്ടതുപോലെ ചെയ്യാഞ്ഞിട്ടായിരിക്കാം.

“ആബ്ദദീക്ഷാദിലോപേന പ്രതാ യാന്തി പിശാചതാം
സ്വജനാൻ ബാധമാനാസ്തേ വിചരന്തി മഹീതലേ “
എന്നുണ്ടല്ലോ ആ ഉപദ്രവം ഈ പ്രതത്തിന്റേതാണെന്നും മറ്റും അറിയാതെതന്നെ വളരെക്കാലം കഴിഞ്ഞു. ക്രമേണ ആ ഉപദ്രവം ദുസ്സഹമായിത്തീരുകയാൽ ഈ അടുത്ത കാലത്തു പ്രശ്നംവെപ്പിച്ചു നോക്കിക്കികയും അപ്പോൾ അത് ഈ ഭീമന്റെ ഉപദ്രവമാണെന്നും ഭീമൻ സാധാരണ മനു‌ഷ്യനല്ലായിരുന്നുവെന്നും അയാൾ ദേവാംശമായിട്ടുള്ള ഒരു അവതാരപുരു‌ഷനായിരുന്നുവെന്നും അയാളുടെ വിഗ്രഹമുണ്ടാക്കിച്ചു പ്രതത്തെ ആ വിഗ്രഹത്തിന്മേലാവാഹിച്ചു പ്രതി‌ഷ്ഠ കഴിപ്പിക്കുകയും ആണ്ടുതോറും മുടങ്ങാതെ പൂജ നടത്തിക്കുകയും ചെയ്തല്ലാതെ ഉപദ്രവം നീങ്ങുകയില്ലെന്നും കാണുകയാൽ ആ വീട്ടുകാർ അപ്രകാരമൊക്കെ ചെയ്യിച്ചു പൂജ ആണ്ടുതോറും ഇപ്പോഴും നടത്തിവരുന്നുണ്ട്. പ്രതി‌ഷ്ഠ കുളപ്പുറത്തുപുരയിടത്തിന്റെ കന്നിപദത്തിൽ ദ്രകാളിമറ്റപ്പിള്ളി നമ്പൂതിരിപ്പാട്ടിലേക്കൊണ്ടാണ് നടത്തിച്ചത്. പ്രതി‌ഷ്ഠ കഴിഞ്ഞതിൽപ്പിന്നെ ഭീമന്റെ ഉപദ്രവം ആ വീട്ടിലെന്നല്ല ആ ദേശത്തു തന്നെ എങ്ങും ഉണ്ടാകാറില്ല. പ്രതി‌ഷ്ഠിക്കപ്പെട്ടിരിക്കുന്ന വിഗ്രഹം കണ്ടാൽ ഭീമന്റേതാണെന്നുതന്നെ തോന്നും. അതിന്റെ സ്ഥല്യൗം അത്രയ്ക്കു മാത്രമുണ്ട്. അവിടെ സാന്നിദ്ധ്യത്തിനും ഒട്ടും കുറവില്ല. ചില കാര്യങ്ങൾ സാധിക്കുന്നതിനുവേണ്ടി പലരും ഭീമനു വഴിപാടുകൾ കഴിക്കുകയും ചിലർക്കു ചിലതു സാധിക്കുകയും ചെയ്യുന്നുണ്ട്. അവിടെ സാധാരണ വഴിപാടു കരിക്കും പഴവും നിവേദിക്കുകയാണ്. ചിലർ അപ്പം, അട, കൊഴുക്കട്ട മുതലായവ ഉണ്ടാക്കിച്ചു നിവേദിപ്പിക്കുകയും ചെയ്യുന്നുണ്ട്. അവയ്ക്ക് അരി ഒന്നേകാലിടങ്ങഴി മുതൽ മുപ്പത്തറേകാലിടങ്ങഴി വരെ നടപ്പുണ്ട്. അവിടെ പ്രതി‌ഷ്ഠ ഒരു മേടമാസം പതിനാലാം തീയതിയായിരുന്നതിനാൽ ആണ്ടുതോറും വിശേ‌ഷദിവസമായി ആചരിച്ചുവരുന്നത് ആ ദിവസമാണ്.

മഥുര

ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മഭൂമി, വേദോപനിഷത്തുക്കളുടെ സാരസംഗ്രഹമായ ഭഗവദ്ഗീത ആരുടെ മൊഴികളിലൂടെയാണോ ഉതിര്‍ന്നുവീണത് ആ സര്‍വേശ്വരന് ജന്മമരുളിയ പുണ്യഭൂമി. ദ്വാപരയുഗാന്ത്യത്തില്‍ അവതരിച്ച ശ്രീകൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെട്ട അനവധി സ്ഥലങ്ങളും മന്ദിരങ്ങളും ഈ പുണ്യസങ്കേതത്തില്‍ കാണാം. ഭാഗവതത്തില്‍ പ്രതിപാദിച്ചിട്ടുള്ള ശ്രീകൃഷ്ണ ജന്മസ്ഥലവും ഗോവിന്ദരാജ ക്ഷേത്രം, വൃന്ദാവനം, ഗോവര്‍ദ്ധനം എന്നിവ അടുത്ത പ്രദേശങ്ങളിലായി സ്ഥിതിചെയ്യുന്നു.

അയ്യായിരത്തി ഇരുന്നൂറ്റി ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാരതത്തില്‍ അവതരിച്ച ആ പുണ്യാത്മാവിന്റെ ജന്മഗൃഹം ആരെയും ഭക്തിയുടെ ആനന്ദകോടിയില്‍ എത്തിക്കും. സപ്തപുരികളിലൊന്നായ മഥുര ഉത്തര്‍പ്രദേശില്‍ യമുനയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. ലോക മനസ്സിനെ പിടിച്ചുനിര്‍ത്തി പ്രാപഞ്ചിക രഹസ്യങ്ങളും ജീവിതതത്വങ്ങളും മനസ്സിലാക്കിക്കൊടുത്ത ഭഗവദ്ഗീത ശ്രീകൃഷ്ണ ഭഗവാനെ എന്നുമെന്നും ഓര്‍ക്കുന്നതിന് പര്യാപ്തമാക്കുന്നു. മഥുരയില്‍ തന്നെ അനന്തമായി വ്യാപിച്ചുകിടക്കുന്ന തുളസിത്തോട്ടമാണ് വൃന്ദാവനം. ബാലനായ കണ്ണന്‍ ഗോപികാഗോപന്മാരോടൊപ്പം കളിച്ച നടന്ന സ്ഥലം. കൃഷ്ണന്‍ കുട്ടിക്കാലം ചെലവഴിച്ച ഈ പൂന്തോട്ടം കൃഷ്ണഭക്തരുടെ മുഴുവന്‍ സ്വപ്നഭൂമിയായി നിലനില്‍ക്കുന്നു.

കാലത്തിന്റെ പ്രയാണം ഈ ഭൂപ്രദേശത്തെ കുറെയൊക്കെ വിഴുങ്ങിയെങ്കിലും വൃന്ദാവനത്തിന്റെ സ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട് കുറച്ചുഭാഗം ഇന്നും തുളസീവനമായി നിലനില്‍ക്കുന്നു. ഉണ്ണിക്കണ്ണന്‍ മണ്ണുവാരിത്തിന്ന സ്ഥലം ഇവിടെയാണ്. ഇവിടുത്തെ മണ്ണ് ഭക്തജനങ്ങള്‍ പ്രസാദമായി വീട്ടില്‍ കൊണ്ടുപോയി സൂക്ഷിക്കാറുള്ളതായും ഇവിടെയുള്ളവര്‍ പറയുന്നു. ഇതിന് സമീപമുള്ള തീര്‍ത്ഥക്കുളം ശ്രീകൃഷ്ണന്‍ ഓടക്കുഴല്‍ ഊതിയ സ്ഥലം എന്നും കരുതിപ്പോരുന്നു. ഇവിടെയെല്ലാം എപ്പോഴും കൃഷ്ണമന്ത്രങ്ങളാല്‍ മുഖരിതമാണ്
ഇതിന് സമീപപ്രദേശത്തായി സ്ഥിതിചെയ്യുന്ന ഇസ്‌കോണ്‍ ടെമ്പിള്‍ ആരാധകര്‍ക്കൊപ്പം വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്നു. മാര്‍ബിള്‍കൊണ്ട് തീര്‍ത്ത ഈ പുണ്യക്ഷേത്രത്തില്‍ ആയിരങ്ങള്‍ ദിനംപ്രതി എത്തുന്നു. കംസന്റെ രാജധാനിയായിരുന്ന മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്. ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം മുസ്ലിം അക്രമകാരിയായ ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു. എന്നാല്‍ കൃഷ്ണ സ്മൃതികള്‍ ഉറങ്ങുന്ന ഈ പുണ്യഭൂമി വിട്ടുതരുവാന്‍ ഇതുവരെ ആരും തയ്യാറായിട്ടില്ല. ഹൈന്ദവ ദേവീ-ദേവന്മാരുടെ നിരവധി ക്ഷേത്ര സമുച്ചയങ്ങളാണ് മുസ്ലിം ആക്രമണകാരികളായ ബാബറെപ്പോലുള്ളവര്‍ തകര്‍ത്തിട്ടുള്ളത്.

പുണ്യപുരാണങ്ങളില്‍ കൂടി ഏറെ അറിയപ്പെടുന്നതും പുണ്യക്ഷേത്രങ്ങളുമുള്ള ഇവിടം വീണ്ടെടുക്കാന്‍ പുതുതലമുറക്കെങ്കിലും കഴിയണം; നിയമങ്ങള്‍ക്കും, കോടതിയ്ക്കും പരിമിതികള്‍ ഏറെയാണ്. എന്നാല്‍ പൈതൃക സ്വത്തുക്കളും ആരാധന സ്വാതന്ത്ര്യവും വീണ്ടെടുക്കുകയെന്നത് ഏതൊരു വിശ്വാസിയുടെയും കടമയുമാണ്. ഇത്തരം ക്ഷേത്രസങ്കേതങ്ങളില്‍ എത്തുന്ന ഏതൊരാള്‍ക്കും അനുഭവപ്പെടുന്ന വികാരമാണ് ഈ മനഃസ്ഥിതിയെന്നതാണ് സത്യം. മഥുരയിലും ഇതാണ് സ്ഥിതി.

ആഗ്ര-ദല്‍ഹി ദേശീയ പാതയില്‍ നിന്നും 11 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ ക്ഷേത്ര സങ്കേതങ്ങളില്‍ എത്തിച്ചേരാം. വിവിധ ആരാധനാ ക്രമങ്ങളിലും വിവിധ ഭാവത്തിലും രൂപത്തിലുമുള്ള നിരവധി ശ്രീകൃഷ്ണ ക്ഷേത്രങ്ങളാണ് ഇവിടെ അടുത്തടുത്തായി ഉള്ളത്.

വൃന്ദാവനം
ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ സ്ഥിതിചെയ്യുന്ന വൃന്ദാവനം ഭഗവാന്‍ കൃഷ്ണന്‍ കുട്ടിക്കാലം ചെലവഴിച്ച സ്ഥലമാണ്. ഇവിടുത്തെ വൃന്ദാവന്‍ ക്ഷേത്രത്തില്‍ കൃഷ്ണനേയും രാധയേയും ആരാധിക്കുന്നു. പ്രാചീനമായ ഹൈന്ദവ ചരിത്രം പ്രതിപാദിക്കുന്ന പഴക്കം ചെന്ന ക്ഷേത്രമാണ് മഥുര വൃന്ദാവന്‍ ക്ഷേത്രം. 1590- ല്‍ നിര്‍മിച്ചതാണ് ഈ ക്ഷേത്രം. വൃന്ദാവനം എന്നത് പുരാതന സംസ്‌കൃത നാമമാണ്. ‘വന തുളസി’ എന്ന പേരില്‍ നിന്നാണ് വൃന്ദാവനം ഉണ്ടായത്. ഇതിന് സമീപത്തായി ക്ഷേത്രത്തോട് ചേര്‍ന്ന് ക്ഷേത്രക്കുളവുമുണ്ട്.

താന്‍സന്റെ ഗുരുവായ ഹരിദാസിന്റെയും അനേകം ശ്രീകൃഷ്ണ ഭക്തരുടെയും സമാധികള്‍ വൃന്ദാവനത്തിലുണ്ട്. ഇവിടെ അനേകം ഗോശാലകളും കാണാം. 16-ാം നൂറ്റാണ്ടില്‍ ചൈതന്യ-മഹാപ്രഭു ഇവിടം കണ്ടെത്തുന്നതുവരെ വൃന്ദാവനം കൊടുംവനമായിരുന്നു. 1515 ല്‍ വൃന്ദാവനം സന്ദര്‍ശിച്ച ചൈതന്യ മഹാപ്രഭു സ്വര്‍ഗീയ സ്‌നേഹത്തിന്റെ ആദ്ധ്യാത്മിക മയക്കത്തില്‍ വൃന്ദാവനത്തിലെ പരിപാവനമായ വനങ്ങളിലൂടെ ചുറ്റിത്തിരിഞ്ഞ അദ്ദേഹം കൃഷ്ണലീലകള്‍ അരങ്ങേറിയ സ്ഥലങ്ങള്‍ കണ്ടെത്തിയതായും ക്ഷേത്രം പണിതീര്‍ത്തതായും പറയപ്പെടുന്നു. കൃഷ്ണഭക്തയായ മീരാഭായ് ഈ കാലയളവില്‍ മേവാര്‍ രാജ്യമുപേക്ഷിച്ച് ഈ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തുകയും അവരുടെ അവസാന 14 വര്‍ഷം വൃന്ദാവനത്തിലെ ഒരു സ്ഥലത്ത് താമസിച്ചു. ഹിന്ദു ഭക്തി കവയത്രികളില്‍ ഏറെ പ്രശസ്തയാണ് മീരാഭായി.

വനനിബിഡമായിരുന്നു എന്നു പറയപ്പെടുന്ന ഇവിടെ ഇന്ന് വനമില്ല. അന്ന് മയില്‍, കുരങ്ങുകള്‍, പശു, പക്ഷിജാലങ്ങള്‍ എന്നിവ ഏറെ അധിവസിച്ചിരുന്നു. എന്നാല്‍ പശുക്കളുടെയും കുരങ്ങുകളുടെയും സാന്നിദ്ധ്യം ഇന്നും ഉണ്ട്. ഹൈവേ കടന്ന് ക്ഷേത്രത്തിലേക്ക് എത്തിക്കഴിഞ്ഞാല്‍ തെരുവോരങ്ങളില്‍ എല്ലാം കൃഷ്ണസ്മൃതികള്‍ തീര്‍ത്ത് ഭക്തിഗാനങ്ങളും കച്ചവടസ്ഥാപനങ്ങളില്‍ പൂജാവസ്തുക്കളും കൃഷ്ണ-രാധ ശില്‍പ്പങ്ങളും വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത് കാണാം. കൊടുംവേനലില്‍ ദാഹം തീര്‍ക്കാന്‍ മോരിന്‍വെള്ളവും ലസിയും (മോരില്‍ പഞ്ചസാര കലര്‍ത്തിയ പാനീയം) കിട്ടും. കൃഷ്ണഭക്തിയില്‍ ചെറിയ ഇടനാഴികളിലൂടെ കൃഷ്ണഭജനകള്‍ പാടിയാടുന്ന സംഘത്തെയും ചിലപ്പോഴൊക്കെ കാണാന്‍ കഴിയും. ക്ഷേത്രത്തിനുള്ളില്‍ എപ്പോഴും തിരക്കാണ്.
കാളിന്ദീതീരത്തായി കാണുന്ന പുരാതനമായ ഗോവിന്ദരാജക്ഷേത്രവും ഏറെ പ്രത്യേകതകള്‍ നിറഞ്ഞ താണ്. കൂടാതെ ഹരേ കൃഷ്ണ പ്രസ്ഥാനത്തിന്റെ സ്ഥാപക ഗുരുവായ പ്രഭുപാദ ചൈതന്യ സ്വാമികളുടെ സമാധിക്ക് സമീപമായി 300 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച മാര്‍ബിള്‍ ക്ഷേത്രം ഭക്തജനങ്ങളുടെ പ്രധാന ആരാധന കേന്ദ്രമാണ്. നിരവധി വിദേശീയരും ഇവിടെ വന്നുപോകുന്നു. ഇന്ന് ഇത് ലോകപ്രശസ്ത ക്ഷേത്രസമുച്ചയമായി അറിയപ്പെടുന്നു. സ്വാമി ഹരിദാസ് നിര്‍മിച്ച ബല്‍കി ബിഹാരി ക്ഷേത്രം, കാളിഘട്ടിനരികിലായുള്ള മദന്‍ മോഹന്‍ ക്ഷേത്രം, പ്രേംമന്ദിര്‍, രാധാവല്ലഭ് ക്ഷേത്രം, രാധാരമണ്‍ ക്ഷേത്രം, കൃഷ്ണ-ബലരാമ ക്ഷേത്രം, രാധാ ദാമോദര്‍ ക്ഷേത്രം…. ഇങ്ങനെ നിരവധി ക്ഷേത്രങ്ങളാണ് അടുത്തടുത്തായി ഉള്ളത്.

ഇവിടെനിന്നും കുറച്ചകലെയായാണ് ഗോവര്‍ദ്ധന്‍ ഗ്രാമം സ്ഥിതിചെയ്യുന്നത്. വൃന്ദാവനത്തിലെ ഗോപാലകരെ രക്ഷിക്കാനും, ഇന്ദ്രന്റെ അഹങ്കാരം ഇല്ലാതാക്കുവാനുമായി ഗോവര്‍ദ്ധന പര്‍വതത്തെ കൈവിരലില്‍ ഉയര്‍ത്തി ഗോപാലകരെ രക്ഷിച്ചുവെന്നുമാണ് വിശ്വാസം. ഇന്ദ്രനെയല്ല എല്ലാം തരുന്ന ഗോവര്‍ദ്ധനത്തെ ആരാധിച്ചാല്‍ എല്ലാ അനുഗ്രഹവും ലഭിക്കുമെന്നും ഭഗവാന്‍ കൃഷ്ണന്‍ വൃന്ദാവനത്തില്‍ ഉള്ളവരോട് പറഞ്ഞതായും വിശ്വസിക്കപ്പെടുന്നു. ആഗ്രഹപൂര്‍ത്തീകരണത്തിനായി കൃഷ്ണഭക്തര്‍ ഇന്നും ഈ ഗ്രാമത്തില്‍ എത്തി 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നടപ്പാതയിലൂടെ ഈ ഗ്രാമത്തെ വലംവയ്ക്കുന്നു. ‘ഗോവര്‍ദ്ധന്‍ പരിക്രമ’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഊരുചുറ്റല്‍ എല്ലാ ദിവസവും മുടക്കം കൂടാതെ നടക്കുന്നു.

അന്യദേശങ്ങളില്‍ നിന്നുകൂടി എത്തുന്നവര്‍ ഭജനയും, ഹരേ രാമ ഹരേകൃഷ്ണ എന്ന മന്ത്രം ഉരുവിട്ടും നടന്നുനീങ്ങുന്ന കാഴ്ചയും ഭക്തിയുടെ ആനന്ദകൊടിയില്‍ എത്തിക്കും. ഇന്ന് പുരാണങ്ങളില്‍ പറയപ്പെടുന്ന പര്‍വതം ഇവിടെ ഇല്ല എങ്കിലും ഈ ചടങ്ങ് ഇവിടെ ഇന്നും തുടരുന്നു. ഈ ഗ്രാമവാസികള്‍ ഗോപരിപാലനത്തിലും കൃഷ്ണഭക്തിയിലും ഒരു ലോപവും വരുത്താറുമില്ല. ഇത്തരത്തില്‍ ഭഗവാന്റെ അപദാനങ്ങള്‍ കേട്ടുണരുന്ന മഥുര ഭാരതഭൂമിയിലെ സ്വര്‍ഗ്ഗമെന്നു തന്നെ പറയാം. ഭഗവാന്റെ ബാല്യകൗമാരങ്ങള്‍ വര്‍ണിക്കുന്നതായ നിരവധി ക്ഷേത്രങ്ങളും സ്ഥലങ്ങളും രാജ്യത്തെമ്പാടുമുണ്ട്. എന്നാല്‍ ഭഗവാന്‍ സ്വര്‍ഗാരോഹണം ചെയ്തു എന്നു വിശ്വസിക്കുന്ന സ്ഥലവുമുണ്ട്.

ഗുജറാത്തിലെ പേരാവല്‍ എന്ന സ്ഥലത്താണ് ഈ ശ്രീകൃഷ്ണ ക്ഷേത്രവും ആല്‍വൃക്ഷവും സ്ഥിതിചെയ്യുന്നത്. ആലിന്‍കൊമ്പില്‍ ഇരുന്ന കൃഷ്ണനെ മയില്‍ എന്നു കരുതി വേടന്‍ അമ്പെയ്തു എന്നു കരുതുന്നതാണ് ഈ ആല്‍വൃക്ഷം.
.

ജഡഭരതൻ

**

ആംഗിരസ ഗോത്രത്തിൽപെട്ട ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു.  ബ്രാഹ്മണർക്ക് വിധിച്ച എല്ലാ നിത്യനൈമിത്തിക കർമ്മങ്ങളും അദ്ദേഹം വിധിയാംവണ്ണം അനുഷ്ഠിച്ചിരുന്നു.  ആദ്യത്തെ ഭാര്യയിൽ അദ്ദേഹത്തിന് ഒൻപത് പുത്രന്മാരും, രണ്ടാമത്തെ ഭാര്യയിൽ ഒരു പുത്രനും ഒരു പുത്രിയും ഉണ്ടായി.   വീണ്ടും ജന്മമെടുത്ത മാൻരൂപിയായ ഭരതനായിരുന്നു ദ്വിതീയപത്നിയുടെ  പുത്രൻ

*ഭഗവാൻ നാരായണന്റെ അവതാരമായ ഋഷഭദേവന്റെ മകനായിരുന്നു ഭരതൻ. ആത്മവിദ്യയുടെ ബാലപാഠങ്ങൾ അദ്ദേഹം മകനെ പഠിപ്പിച്ചിരുന്നു.  ഭരതൻ അത് മിക്കവാറും സ്വായത്തമാക്കുകയും ചെയ്തിരുന്നു.  എന്നാൽ *പ്രാരബ്ധ കർമ്മങ്ങളുടെ ആധിക്യം മൂലം അദ്ദേഹത്തിന് ഒരു മാനായി ജനിക്കേണ്ടിവന്നു.  മാനിന്റെ ജന്മത്തിൽ ഋഷിമാരായ മഹത്തുക്കളുടെ സംഗം ഉണ്ടായതിനാൽ ഇപ്പോൾ അദ്ദേഹം വീണ്ടും മനുഷ്യജന്മം കൈക്കൊണ്ടിരിക്കുന്നു.*  ഒരു അനുഗ്രഹം ഇപ്പോഴും ഉണ്ട്.  പൂർവ്വജന്മ സ്മരണ അറ്റുപോയിരുന്നില്ല.  അതിനാൽ കഴിഞ്ഞതെല്ലാം ഓർമ്മയുണ്ട്.

അതുകൊണ്ട് ഭരതൻ വിചാരിച്ചു: *”മാലിന്യം പറ്റിയശേഷം അത് കഴുകിക്കളയുന്നതിൽ ഭേദം അതിന്റെ സ്പർശം ഏൽക്കാതിരിക്കുകയാണ് “*
ഭരതൻ സർവ്വസംഗ പരിത്യാഗം ചെയ്തു.  പൂർവ്വജന്മത്തിലെ ജ്ഞാനം മുഴുവൻ സ്പഷ്ടമായിരുന്നിട്ടും അദ്ദേഹം ഒരു വിഡ്ഢിയെപ്പോലെ മൃതപ്രായനായി വർത്തിച്ചു.  പുതുതായി ഒന്നുംതന്നെ അദ്ദേഹത്തിന് പഠിക്കാനുണ്ടായിരുന്നില്ല.  എങ്കിലും ബോധപൂർവ്വം വിഡ്ഢി ചമഞ്ഞു കഴിഞ്ഞുകൂടി. എല്ലാവരും അവനെ ജഡഭരതൻ എന്ന് വിളിച്ചു. 

അവന്റെ അച്ഛൻ തന്റെ മകനെ ഒരു ഉത്തമ ബ്രാഹ്മണനായി വളർത്തിക്കൊണ്ടുവരാൻ കഴിയാത്തതിൽ വളരെ ദുഃഖിച്ച് ഒരു ദിവസം ദേഹം വെടിയുകയും ചെയ്തു.

ആ നാട്ടിൽ സന്തതിയുണ്ടാകാതിരുന്ന ഒരു കൊള്ളത്തലവൻ ഉണ്ടായിരുന്നു.  കാളീദേവിക്ക് ഒരു മനുഷ്യജീവിയെ ബലിയർപ്പിച്ചാൽ പുത്രനുണ്ടാകുമെന്ന് അവനോട് ആരോ പറഞ്ഞു.  ബലിക്ക് പറ്റിയ ഒരു മനുഷ്യനെ പിടിച്ചുകൊണ്ടുവരാൻ അവൻ ഭൃത്യന്മാരോട് ആജ്ഞാപിച്ചു.  അവർ പകൽ മുഴുവൻ ഒരാളെ അന്വേഷിച്ച് ചുറ്റിനടന്നു.  രാത്രിയായപ്പോൾ വയൽവരമ്പിൽ ഒരാൾ നിൽക്കുന്നത് കണ്ടു. അത് ഭരതനായിരുന്നു.  കാട്ടുമൃഗങ്ങൾ വിളകൾ നശിപ്പിക്കുന്നുണ്ടോ എന്ന് നോക്കാനായി അദ്ദേഹം അവിടെ നിൽക്കുകയായിരുന്നു.  ഭരതന് ദേഹബോധം തീരെയില്ല. 

ഭൃത്യന്മാർ അദ്ദേഹത്തെ കുറ്റമറ്റ ഒരു ഇരയായി കരുതി.  ശരീരം അഴുക്കു പുരണ്ടിട്ടുണ്ട്. എന്നാലും വൈരൂപ്യമോ, മുറിവോ ഒന്നും ഉണ്ടായിരുന്നില്ല.  അവർ അദ്ദേഹത്തെ കയർകൊണ്ട് വരിഞ്ഞുകെട്ടി എടുത്തുകൊണ്ടുപോയി.  വരിഞ്ഞുകെട്ടുമ്പോൾ യാതൊരു എതിർപ്പും പ്രദർശിപ്പിക്കാതിരുന്ന  അദ്ദേഹത്തിന്റെ മനസ്ഥിതി കണ്ട് അവർക്ക് അത്ഭുതം തോന്നി.  അവർ അദ്ദേഹത്തെ ഒരു ക്ഷേത്രത്തിൽ എത്തിച്ചു.  പുണ്യജലത്തിൽ കുളിപ്പിക്കുകയും, ബലിനൽകാൻ പ്രത്യേക വസ്ത്രങ്ങൾ ധരിപ്പിക്കുകയും ചെയ്തു.  അപ്പോഴെല്ലാം ഭരതൻ നിശ്ശബ്ദനായും, നിർവികാരനായും ഇരുന്നു.

ബലിപീഠത്തിൽ ഇരുത്തി പുരോഹിതൻ മന്ത്രം ചൊല്ലുകയും അദ്ദേഹത്തെ ബലി നൽകാനായി വാളുയർത്തുകയും ചെയ്തു. വധിക്കപ്പെടാൻ തയ്യാറായി ഇരുന്ന ആ  ബ്രഹ്മണനിൽ നിന്ന് നിർഗ്ഗളിച്ച തേജസ്സ് ദേവിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവിടെ ഒരു മഹാപാതകം നടക്കാൻ പോകുന്നത് ദേവി കണ്ടു.  ദേവി സ്വർഗ്ഗവാസികളായ അനുചരന്മാരോട് കൂടി അവിടെ പ്രത്യക്ഷപ്പെട്ടു.  അദ്ദേഹത്തെ കൊല്ലാൻ ഉയർത്തിയ അതേ വാളുകൊണ്ട് തന്നെ ദേവി അവരുടെയെല്ലാം കഥ കഴിച്ചു.  *തന്റെ ഭക്തനെ ആരെങ്കിലും അപമാനിക്കുന്നത്  സഹിക്കുവാൻ ഭഗവാന് സാധിക്കുകയില്ല.*  ഭക്തനെ അനുഗ്രഹിച്ച് ദേവി അപ്രത്യക്ഷയായി.  ഒന്നും സംഭവിക്കാത്തത് പോലെ ഭരതൻ അവന്റെ വഴിക്ക് പോവുകയും ചെയ്തു.

ഒരാള്‍ ഒരിക്കല്‍ കാട്ടില്‍പോയപ്പോള്‍ മരത്തിന്മേല്‍ ഒരു മനോഹരമായ ജന്തുവിനെ കണ്ടു. അയാള്‍ മടങ്ങിവന്നു കൂട്ടുകാരോട് പറഞ്ഞു. ‘ഞാന്‍ മരത്തിന്മേല്‍ നല്ല ഭംഗിയുള്ള ചുവന്ന ഒരു ജീവിയെ കണ്ടു…കൂട്ടുകാരില്‍ ഒരുവന്‍ പറഞ്ഞു : ‘ഞാനും കണ്ടു ആ ജീവിയെ . അതിന്റെ നിറം ചുവപ്പല്ല ,മഞ്ഞയാണ്. ‘ മറ്റൊരുത്തന്‍ പറഞ്ഞു ; നങ്ങള്‍ ആരും ആ ജീവിയെ ശരിക്ക് കണ്ടില്ല ,ഞാന്‍ അതിനെ നീല നിറത്തില്‍ കണ്ടിട്ടാണ് വരുന്നത്.’. ഇങ്ങനെ പലരും പലവിധത്തില്‍ തര്‍ക്കിച്ചു തുടങ്ങി…അവസാനം അവരെല്ലാം കൂടി തര്‍ക്കം തീര്‍ക്കാനായി ആ മരത്തിന്റെ അടുത്ത ചെന്ന്. അവിടെ സ്ഥിരമായി താമസിക്കുന്ന ഒരുവനെ കണ്ടു ചോദിച്ചു ; ‘ആ ജന്തുവിന്റെ നിറം എന്താണ് ? അയാള്‍ പറഞ്ഞു ‘നിങ്ങള്‍ എല്ലാവരും പറഞ്ഞത് ശരിയാണ് . അത് ചിലപ്പോള്‍ ചുവപ്പും ചിലപ്പോള്‍ മഞ്ഞയും ചിലപ്പോള്‍ നീലയും ഒക്കെയാണ്‌ . ചിലപ്പോള്‍ നിറമോന്നും ഇല്ലാതെയും കാണാം. അതിന്റെ പേരാണ് ഓന്ത് എന്ന് ‘. ഞാന്‍ ഇവിടെ താമസിക്കുന്നത്കൊണ്ട് എല്ലാം കാണുന്നുണ്ട്. ഇത് കേട്ട് എല്ലാവരും കാര്യം മനസ്സിലാക്കി സംതൃപ്തരായി മടങ്ങി.

വാദപ്രതിവാദങ്ങളുടെ നിരര്‍ത്ഥതയെ കാണിക്കാനായി ശ്രീരാമകൃഷ്ണന്‍ പറയാറുള്ള ഒരുദാഹരണമാണിത്. ഈശ്വരനെപ്പറ്റി പലമതക്കാരും പലവിധത്തില്‍ വാദിക്കുന്നു. ഓരോരുത്തരും സ്വന്തം വാദം മാത്രമാണ് ശരി മറ്റുള്ളത് തെറ്റാണെന്നും പറയുന്നു. പണ്ട് ഒരു രാജസദസ്സില്‍ വെച്ച് ശൈവന്മാരും വൈഷ്ണവന്മാരും തമ്മില്‍ വലിയ വാദമുണ്ടായി . ശിവനാണ് ശ്രേഷ്ടന്‍ എന്ന് ശൈവന്മാര്‍ വാദിച്ചു. കാരണം വിഷ്ണു ദിവസവും ആയിരം താമരപ്പൂക്കളെകൊണ്ടു ശിവനെ ആരാധിക്കുക പതിവാണ്. ഒരു ദിവം ശിവന്‍ വിഷ്ണുവിന്റെ ഭക്തിയെ പരീക്ഷിക്കുവാനായി ഒരു താമരപൂവ് ഒളിച്ചുവെച്ചു. സഹസ്രനാമം ചൊല്ലി ആരാധന തുടങ്ങിയ വിഷ്ണു ആയിരാമത്തെ നാമത്തിനു താമരപ്പൂവില്ലാതായപ്പോള്‍ സ്വന്തം നയന കമലം പറിച്ചെടുത്ത് ആരാധന മുഴുമിപ്പിച്ചു. ആ ഭക്തി കണ്ടു സന്തുഷ്ടനായ ശിവന്‍ വിഷ്ണുവിന് മനോഹരങ്ങളായ നേത്രങ്ങളുണ്ടാവാനനുഗ്രഹിച്ചു. മാത്രമല്ല അന്ന് ശിവന്‍ കൊടുത്ത സുദര്‍ശനചക്രം കൊണ്ടാണ് വിഷ്ണു ലോകരക്ഷണം നിര്‍വ്വഹിക്കുന്നതെന്നുമായിരുന്നു അവരുടെ വാദം. വൈഷ്ണവന്മാര്‍ പറഞ്ഞു ; ശിവന്‍ വിഷ്ണുവിന്റെ ഒരു ഭക്തനാണ്.

വിഷ്ണുവില്ലായിരുന്നെങ്കില്‍ ശിവനെ അന്നുതന്നെ ഭസ്മാസുരന്‍ ഭസ്മമാക്കിക്കളഞേനെ. അതിന്റെ സ്മരണയ്ക്കാണ്‌ വിഷ്ണുവിന്റെ പാദങ്ങളില്‍ നിന്നും ഉത്ഭവിച്ച ഗംഗയെ ശിവന്‍ ശിരസ്സിലേറ്റി നടക്കുന്നത്. അതുകൊണ്ട് വിഷ്ണു ശിവനെക്കാള്‍ ശ്രേഷ്ടനാനെന്നാണ് വൈഷ്ണവന്മാരുടെ വാദം. ഈ വാദത്തിനൊരു പരിഹാരം കാണുവാന്‍ ഒരു സന്യാസി വൈഷ്ണവന്മാരോട് വിഷ്ണുവിനെയും ശൈവന്മാരോട് ശിവനെയും സാക്ഷാത്കരിക്കുവാന്‍ പറയുകയാണ്‌ ചെയ്തത്. കാരണം സത്യം അറിയാത്തതുകൊണ്ടാണ് വാദപ്രതിവാദങ്ങളുണ്ടാകുന്നത്. വാദങ്ങളില്‍ മാത്രം മുഴുകി കഴിയുന്നവര്‍ക്ക് സത്യം അറിവാന്‍ സാധിക്കുകയുമില്ല . അഞ്ജാനമാണ് എല്ലാ ഭയങ്ങള്‍ക്കും ദുഖങ്ങള്‍ക്കും കാരണം. ഇന്ന് മതപരമായ കലഹങ്ങള്‍ക്കും കാരണം സങ്കുചിതമായ ദൃഷ്ടിയില്‍ക്കൂടി ഈശ്വരനെ വിലയിരുത്തുന്നതാണ്…ദൈവം ഒന്നേയുള്ളൂ ; ആ ദൈവത്തെ പലരും പല പേരുകളെക്കൊണ്ട് വിളിക്കുന്നു എന്ന് ഋഷീശ്വരന്മാര്‍ വിളംബരം ചെയ്തിട്ടുള്ള പരമസത്യം മനസ്സിലാക്കിയാല്‍ പിന്നെ മതകലഹങ്ങള്‍ക്ക് കാരണമില്ല. ഏതു പേര് ചൊല്ലി വിളിച്ചാലും ഈശ്വരന്‍ പ്രസാദിക്കുകതന്നെ ചെയ്യും…

” ശ്രീരാമകൃഷ്ണന്‍ ” സ്വന്തം അനുഭൂതികളെ അടിസ്ഥാനപ്പെടുത്തി പ്രഖ്യാപിച്ച സര്‍വ്വമതസമന്വയത്തിന് ആശ്രയം ഈ തത്വമാണ്…ബാഹ്യവും ഉപരിപ്ലവവുമായ വീക്ഷണത്തില്‍നിന്ന് ആന്തരികവും അഗാധവുമായ വീക്ഷണത്തിലേക്ക്‌ ഇറങ്ങിചെല്ലുകയാണ് നാം വേണ്ടത്. അതോടെ വാദപ്രതിവാദങ്ങളെല്ലാം അവസാനിക്കും.